Friday, July 19, 2013

ഞാൻ എന്നും കണ്ണടയായിരുന്നു ...


ഞാൻ എന്ന കണ്ണടയും ,
നീയെന്ന കണ്ണാടിയും,
എങ്ങനെ ഇണങ്ങുന്നെന്നറിഞ്ഞുകൂടാ..
കട്ടി ഗ്ലാസിന്റെ ഇട്ടാവട്ടത്തിലൂടെയേ  ,
ഞാനെന്നും ലോകത്തെ നോക്കിയുള്ളൂ-
നിന്നെയും.

പക്ഷെ,
നീയെന്നും, എന്നെ മുഴുവാനായാലിംഗനം
ചെയ്ത് , എനിക്ക് നേരെ 
നീട്ടുകയായിരുന്നു .

ഒരു ചില്ലിന്റെ സാമ്യമേ നമ്മൾ 
തമ്മിലുള്ളൂ ...
നിന്നിലേക്ക്‌ ചൂഴ്ന്നിറങ്ങാൻ
ഞാനെന്റെ കണ്ണട  അടുപ്പിച്ചു വച്ചു ,
അകത്തി നോക്കി ,
ചിലപ്പോൾ , ചില്ലിനു മുകളിലൂടെ 
വെറും കണ്ണിട്ടു നോക്കി...
മൂക്കിൽ ചാരിവച്ച് തലകുമ്പിട്ടു നോക്കി...
എന്നിട്ടും നിന്നെ മുഴുവനായറിയാൻ ...?
"ഹാ ! എന്റെ ശ്രമം വിഫലമായി."

അപ്പോഴും നീ, എന്നിലെ
 ഭാവമാറ്റങ്ങൾ എനിക്ക് നേരെ 
പ്രതിബിംബിച്ചു ...
എന്നിലൂടെ ഋതുക്കൾ മാറുന്നത് 
ഞാൻ കണ്ടത് നിന്നിലൂടെയാണ് ...
എന്നിട്ടും, നിന്നെ മുഴുവനായറിയാൻ 
എനിക്കായില്ല...

എന്റെ കണ്ണടചില്ല് ,
ദിനന്തോറും എന്നിലേക്കമർന്നപ്പോൾ ,
എന്നെ മുഴുവനായി വിഴുങ്ങാൻ മാത്രം,
നീ നിന്റെ ചില്ലിട്ട വായ്‌ പൊളിക്കുകയായിരുന്നു.

ഒരുനാൾ,
കട്ടികണ്ണട ഊരിവച്ചപ്പോൾ ,
എന്റെ ലോകവും വിശാലമായി -നീയും.
ഇപ്പോൾ നമുക്ക് മുൻപിൽ വിശാലമായ നിന്റെ ചില്ലുമാത്രം.

പക്ഷെ,
ഇപ്പോഴെന്തോ നീ നിന്റെ ക്യാൻവാസ് അടക്കിപിടിക്കുന്നു.
ഞാൻ നിന്നിലേക്കൊതുങ്ങാത്തപോലെ.
ഒരുപക്ഷെ ,ഞാൻ തടിച്ചതാകും..
നിന്നിലേക്കൊതുങ്ങാൻ  ഞാൻ 
പട്ടിണി  കിടന്നു... 

എന്നിട്ടും,
ഞാൻ നിന്റെ ക്യാൻവാസിനപ്പുറത്തായി...
ഒടുവിലെന്റെ കണ്ണിമകളും നിന്റെ ചില്ലിൽ ഒതുങ്ങിയില്ല...
ഞാനിതാ വീണ്ടും പടിയിറങ്ങുന്നു 
എന്റെ കട്ടികണ്ണടയിലേക്ക് ...
നിന്നിലേക്കൊതുങ്ങാൻ മാത്രം .

ഒരു വഴിക്ക് മാത്രം നൊട്ടമെറിയുന്ന ഞാനും,
 എല്ലാം വിഴുങ്ങി മന്ദഹസിക്കുന്ന നീയും മാത്രമേ  
ചേരുകയുള്ളൂ.
 ഞാൻ എന്ന കണ്ണടയ്ക്കും,
 നീയെന്ന കണ്ണാടിക്കുമിടയിലെ 
 ഇണക്കമിതാണന്നറിയുന്നിന്നു  ഞാൻ 
     

Tuesday, March 13, 2012

കാലത്ത് അമ്മ വിളിച്ചിരുന്നു....ഇന്നലെ ബസ്‌ ഇടിച്ച ആ അപരിചിതനായ മനുഷ്യന്‍ മരിച്ചെന്നു പറഞ്ഞു...ഒരു ചെറിയ കള്ളി ചരമ കോളത്തില്‍ അയാള്‍ ഇന്ന് വിശ്രമിക്കുന്നു...പള്ളിയില്‍ പോകുന്ന വഴിയാണ് അപകടം ഉണ്ടായെന്നും അയാള്‍ അവിടുത്തെ എന്തോ ക്ഷീരോല്പാദന സംഘടനയുടെ വേണ്ടപെട്ടതാനെന്നൊക്കെ പേപ്പറില്‍ ഉണ്ട്...അമിതമായ വേഗതയാണ് അപകടകാരണമെന്നും എഴുതിയിട്ടുണ്ടത്രേ...അമല ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല....പാവം...ഇങ്ങനെ എത്രെയോ പാവങ്ങള്‍ ദിവസേന മരിക്കുന്നു....ഒരു മനുഷ്യനാണ് മരിച്ചതെന്ന് പോലും ആരും കരുതുന്നില്ല...അതാണ്‌ കഷ്ട്ടം....ഇതിപ്പോള്‍ കണ്മുന്‍പില്‍ കണ്ട കാരണം രണ്ടു ദിവസത്തെക്കൊരു   വിഷമം.അതിനപ്പുറം ഇവിടെ ആര്‍ക്കും ഒന്നുമില്ല...അതെന്താ അങ്ങനെ.......?ഒരു പക്ഷെ അങ്ങനെയാവുമായിരിക്കും ഇന്നത്തെ ലോകം!
                             റോഡും വാഹനങ്ങളും ഒക്കെ ഒരു പേടി ജനിപ്പിക്കുന്ന പോലെ തോന്നുന്നു....ഞാനും ഇന്നലെ നോക്കി നിന്നെ ഉള്ളൂലെ?

Monday, March 12, 2012

ഓര്‍മ..വെറും ഓര്‍മ

ഇന്നത്തെ എന്റെ പ്രഭാതം ആരുടെതായിരുന്നു?ഇനി അടുത്ത വെള്ളിയാഴ്ചയെ കാണാന്‍ പറ്റു എന്ന് മനസ്സില്‍ സങ്കടപെട്ടുകൊണ്ട് എന്തെങ്കിലും മറന്നോ എന്ന് അന്വേക്ഷിച്ച്‌ എല്ലാം പായ്ക്ക് ചെയ്തു തന്നു കൊണ്ടിരുന്ന അമ്മയുടെതോ?അതോ മരണ വെപ്രാളത്തില്‍ ആദ്യമായിട്ടും   അവസാനമായിട്ടും തകരുന്ന കണ്ണാടി ചില്ലുകള്‍ക്കിടയിലൂടെ എന്നെ നോക്കിയ ആ പ്രായം ചെന്ന മനുഷ്യന്റെതോ?
           അറിയില്ല.പക്ഷെ ആ മനുഷ്യന്‍ ഇപ്പോള്‍ ജീവിചിരുപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല.കൂടി നിന്നവരെല്ലാം പറഞ്ഞത് മരിച്ചു കാണും എന്നാണു.ഒരുപക്ഷെ അയാള്‍......അയാള്‍ക്കും ഒരു വീടുണ്ടാകണം...ഭാര്യയും മക്കളും അടക്കം കുറെ കണ്ണുകള്‍ അയാള്‍ തിരിച്ചു വരുന്നതും കാത്തു ഒരു പക്ഷെ ഇരിപ്പുണ്ടാകും...അയാള്‍ മരിച്ചിരിക്കുമോ?
              ഇന്നും പതിവ് പോലെ യുനിവേര്‍സിടിയിലോട്ടു പി .എ ട്രവെല്സിലാണ് കയറിയത്.എന്നും ഇരിക്കാറുള്ള പതിവ് സ്ഥലം.മുന്‍പില്‍.വണ്ടി ഓടിക്കുന്നത് നല്ല സ്പീഡില്‍ ഓടിക്കുന്ന ആളാണ്‌.ഇന്നാളു ഒരു കെ.എസ്.ആര്‍.ടി.സി.ബസ്‌ മുന്നില്‍ പോകുമ്പോള്‍ ഇടിചെന്നു കരുതിയതാണ്.അന്നൊന്നും സംഭവിച്ചില്ല.

                ബസ്‌ അമല കഴിഞ്ഞു.അധികം  പേരൊന്നുമില്ല .നല്ല സ്പീടിലാണ് യാത്ര.റോഡും ഏറെ കുറെ വിജനം.ബോറടിക്കണ കാരണം ചെവിയില്‍ കൊള്ളുന്നില്ലെങ്കിലും ഇയര്‍ ഫോണ്‍ കുത്തികേറ്റി. അധികം പാട്ടൊന്നുമില്ല.വച്ചത് തന്നെ വച്ച് അങ്ങനെ  ഉറങ്ങി പൊയ്ക്കൊള്ളും .
                ബസ്‌ മുണ്ടൂരെത്തി കാണും.ഒരു വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഇട്ട മധ്യവയസ്കന്‍ സൈക്ലില്‍ വരുന്നുണ്ട്.അയാള്‍ ഒരു പക്ഷെ ഒരു പാല്‍കാരണോ പത്രകാരാണോ ആകണം.വരുന്നതും കണ്ടു ഇടിക്കുന്നതും കണ്ടു .ചില്ലും തകര്‍ന്നു .മുന്‍പില്‍ ആയതു കൊണ്ട് ചില്ല് മൊത്തം എന്റെ മേല്‍ വീഴുന്നത് അടഞ്ഞ കണ്ണ്‍കല്‍ക്കിടയിലൂടെ   ഞാന്‍ അറിയുന്നുണ്ടായിരുന്നു.ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ബസിന്റെ മുന്‍വശത്തെ ചില്ല് മൊത്തം തകര്‍ന്നിട്ടുണ്ട്.ഡ്രൈവറും കണ്ടുക്ടരും ഇറങ്ങി ഓടുന്നത് അതിനിടയിലൂടെ എനിക്ക് കാണാമായിരുന്നു.ഇടിച്ചിട്ട ആ വയസന്റെ ശരീരം ബസിനു കുറച്ചു പുറകിലും.
                 ബസില്‍ നിന്ന് പ്രാണ രക്ഷാര്‍ത്ഥം ജീവനക്കാര്‍ ഇറങ്ങി ഓടുമ്പോഴും ബസ്‌ പതിയെ നീങ്ങുന്നുണ്ടായിരുന്നു.ബുസില്ലുള്ളവരുടെ ജീവനെന്തു വില?
                 ഏതോ ഒരു യുവാവ് കയറി ബസ്‌ ഓഫ്‌ ആക്കി.അപ്പോഴേക്കും എല്ലാവരും താഴെ ഇറങ്ങിയിരുന്നു.അങ്ങ് പുറകില്‍ ആ പാവം മനുഷ്യന്‍ ഒന്ന് പിടയുക പോലും ചെയ്യാതെ അനക്കമറ്റു കിടക്കുന്നു.കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ പോലീസില്‍ വിവരമരിയിക്കുന്നത്‌  കേട്ടു .ഞാന്‍ അമ്മക്ക് ഫോണ്‍ വിളിച്ചു പറഞ്ഞു.ഇതൊക്കെ നടക്കുമ്പോഴും ആരും ആ മനുഷ്യനെ ഒന്ന് തിരിഞ്ഞു നോക്കുന്നു പോലുമില്ലായിരുന്നു.ഫോണില്‍ അമ്മയോട്  ഒരാളെ വണ്ടിയിടിചെന്നും ആരും അയാളെ ആശുപത്രിയില്‍ കൊണ്ട് പോകുന്നില്ലന്നു പറഞ്ഞതുമാല്ലാതെ ഞാനും ഒന്നും ചെയ്തില്ല.എന്റെ മേല്‍ നിറയെ ചില്ലായിരുന്നു  .അയാള്‍ അപ്പോഴും ആരും ശ്രദ്ധിക്കാതെ റോഡില്‍   നടുവില്‍ കിടക്കുന്നു.രണ്ടു വശത്തും കൂടി വണ്ടികള്‍ പാഞ്ഞു പോകുന്നു.
പത്തു  മിനുടിനു   ശേഷം  acts വന്നു.അപ്പോഴേക്കും വേറെ ബസും വന്നു .ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു.
         വണ്ടി ഇടിക്കുമെന്ന് കരുതിയാലും അയാള്‍ അവസാന നിമിഷം ആ ഡ്രൈവറെ നോക്കിയിരുന്നത് ഞാനും കണ്ടു.പാവം.
അതെ പാവം.അങ്ങനെ പറയാന്‍ മാത്രമേ ഞാനടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയൂ. എല്ലാം കഴിഞ്ഞതിനു ശേഷം പ്രതികരിക്കാനും.

Thursday, September 8, 2011

 നന്മയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഓണാശംസകള്‍..........

Friday, July 29, 2011

പ്രണയം
പ്രതികാരത്തിന്റെ
ണം വീണ 
യം ആണത്രേ !
ആണോ?
പ്രണയത്തിനു പ്രതികാരമുണ്ടോ?
രണം ചിന്തുമോ?
പ്രണയിക്കുന്നവര്‍ ആ
കയത്തില്‍ മുങ്ങുമോ?
  
 

യാത്രാനിരക്ക് വര്‍ധന.

                                    പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനക്ക് തൊട്ടു പിന്നാലെ ഉയര്‍ന്നു വരുന്ന മറ്റൊരു വര്‍ധനയാണ് ബസ്‌ യാത്രാനിരക്ക് വര്‍ധന.കുറെ കാലം അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയും  തലേന്നാള്‍ അര്‍ദ്ധരാത്രിയോടെ അത് പിന്‍വലിക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചകള്‍.അതിനിടയില്‍ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട്‌ ഒന്നോ രണ്ടോ ബസ്‌ സമരങ്ങള്‍ നടത്ത്തപെടുന്നുമുണ്ട്.ബസ്‌ വ്യവസായം നടത്തികൊണ്ട് പോകാന്‍ ഇപ്പോഴുള്ള യാത്രാനിരക്കും വിധ്യാര്‍തികളുടെ യാത്രാനിരക്കും അപര്യാപ്തമായി വരുന്നു എന്നതില്‍ വാസ്തവം ഉണ്ടായേക്കാം.
                                കൃത്യമായ പഠനത്തിലൂടെ യാത്രാ നിരക്ക് കൂട്ടണ മെന്നാനെങ്കില്‍  കൂട്ടണം.ഒപ്പം യാത്രാക്കാരോടുള്ള ബസ്‌ ജീവനക്കാരുടെ സമീപനത്തിലും അവരോടുള്ള മര്യാദയിലും കൂടി അല്‍പ്പം ശ്രദ്ധിച്ചാല്‍ തരക്കേടില്ല.മത്സര ഊട്ടങ്ങള്‍ക്കിടയില്‍ അവരുടെ സുരക്ഷിതത്വം കൂടി   വല്ലപ്പോഴും നോക്കിയാല്‍ കൊള്ളാം.കേവലം ഒരു ഫസ്റ്റ്‌ ഐഡ് ബോക്സ്‌ എങ്കിലും യാത്രക്കാര്‍ക്കുവേണ്ടി കരുതി വച്ചാല്‍ തരക്കേടില്ല.ഇതെല്ലാം ഉള്ള ബസുകളും ഉണ്ടാകാം.അവര്‍ക്ക് നന്ദി.ഇല്ലാത്തവര്‍ക്കും ഇതൊക്കെ ആകാം.ബസ്‌ ചാര്‍ജ് കൂട്ടാത്തതില്‍ ബസ്‌ ഉടമകള്‍ക്ക് ബസ്‌ റോഡില്‍ ഇറക്കാതെ സമരം ചെയ്യാം.പക്ഷെ സാധാരണ ജനങ്ങള്‍ ബസ്‌ ചാര്‍ജ് കൂട്ടിയതിന്റെ പേരില്‍ ബസില്‍ കയറാതെ സമരം നടത്തില്ല എന്നതും വാസ്തവം.നടക്കുന്നതിനും ഒരു പരിധിയില്ലേ?
 

Thursday, July 28, 2011

ജന്മദിനം

കത്തിച്ചു വച്ച തിരിനാളങ്ങള്‍
ഊതി കെടുത്തി ഞാനെന്റെ ജന്മദിനം ആഘോഷിച്ചു .  
മരണമടഞ്ഞ പതിനെട്ടു വര്‍ഷങ്ങളുടെ
ശവദാഹം കഴിഞ്ഞിരിക്കുന്നു.
വിളമ്പി വച്ച സദ്യ 
പഷ്നികഞ്ഞിയായി.
പുത്തന്‍ ഉടുപ്പില്‍ 
വാലായ്മയുടെ   നിഴല്‍ പാടുകള്‍.
ക്ഷണിക്കപെട്ടവരുടെ
സമ്മാനങ്ങള്‍ കണ്ണോക്കായി,
ആശംസകള്‍ കണ്ണ് നീരില്‍ കുതിരും പോലെ.
ഇതെന്റെ ജന്മദിനമോ
മരണ നാളോ?